Research Publication Series Volume V (പണിയ ഭാഷ പഠനസഹായി)

ഈ പുസ്‌തകം 2017-ലാണ്‌ പ്രസിദ്ധീകരിച്ചത്‌. പുസ്‌തകത്തിന്റെ വില 300 രൂപയാണ്‌.

കേരളസംസ്ഥാനത്തിലെ 37 പട്ടികഗോത്രവര്‍ഗ്ഗ സമുദായങ്ങളില്‍ വളരെ പ്രധാന്യമര്‍ഹിക്കുന്ന വിഭാഗമാണ്‌ പണിയന്‍ സമുദായം. വയനാട്‌ ജില്ലയിലെ പ്രാന്തപ്രദേശങ്ങളില്‍ കൂടുതലായും അധിവസിക്കുന്ന ഇവര്‍ തങ്ങളുടെ പരമ്പരാഗതമായ പൈതൃക സമ്പത്ത്‌ ഉപയോഗിച്ച്‌ സമൂഹത്തിന്റെ മുഖ്യധാരയിലേയ്‌ക്ക്‌ വന്നുകൊണ്ടിരിക്കുന്നു.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പല പട്ടികഗോത്രവര്‍ഗ്ഗ വിഭാഗത്തിന്റേയും ഉന്നതിക്കായി കേരള ഗവണ്‍മെന്റ്‌ അനവധി പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പണിയന്‍ സമുദായത്തിലെ കുട്ടികളുടെ വിദ്യഭ്യാസ ഉന്നതിക്കായി കിര്‍ടാഡ്‌സ്‌ വകുപ്പ്‌ ‘ബെട്ട’ (വെട്ടം) എന്ന പേരിലുളള പണിയഭാഷാ സഹായി നിര്‍മ്മിക്കല്‍ പഠന പദ്ധതി ആവിഷ്‌കരിച്ച്‌ വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു.
പലപ്പോഴും പലര്‍ക്കും പട്ടികഗോത്രവര്‍ഗ്ഗ ഭാഷകള്‍ അതാത്‌ സമുദായക്കാര്‍ ഉപയോഗിക്കും പോലെ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ട്‌. ഈ പഠന സഹായി പണിയന്‍ ഭാഷയെ വേഗത്തില്‍ മനസ്സിലാക്കുവാനും അതുവഴി അവരുടെ വികാര വിചാരങ്ങളിലേയ്‌ക്ക്‌ സമൂലമായി എത്തിചേരുവാനും സാധിക്കുന്നു. ഈ സുവര്‍ണ്ണാവസരത്തില്‍ ഇതിനുവേണ്ടി പരിശ്രമിച്ച എല്ലാ ഉദേ്യാഗസ്ഥരോടും എന്റെ ഹാര്‍ദ്ധവമായ നന്ദി രേഖപ്പെടുത്തുന്നു.
ബഹു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക നിയമ സാംസ്‌കാരിക പാര്‍ലമെന്ററി കാര്യവകുപ്പു മന്ത്രി ശ്രീ. എ.കെ.ബാലന്‍, ബഹുമാനപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. ഡോ. വേണു. വി, ഐ. എസ്‌., പട്ടികവര്‍ഗ്ഗ വികസന ഡയറക്‌ടര്‍ ശ്രീ. പി. പുഗഴേന്തി, ഐ. എഫ്‌. എസ്‌. എന്നിവര്‍ക്ക്‌ എന്റെ വിനീതമായ നന്ദി രേഖപ്പെടുത്തുന്നു.

ഡോ. ബിന്ദു.എസ്‌.
ഡയറക്‌ടര്‍

 

പുസ്‌തകത്തെക്കുറിച്ച്‌

കേരള സംസ്ഥാനത്തിലെ പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ സാംസ്‌ക്കാരികവും സാമുദായികവും, സാമ്പത്തികവും സാമൂഹികപരവുമായ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കിര്‍ടാഡ്‌സ്‌ വകുപ്പിലെ ഭാഷാശാസ്‌ത്ര വിഭാഗം 2016 വര്‍ഷത്തില്‍ പട്ടികഗോത്ര ഭാഷയെക്കുറിച്ച്‌ വിശദമായി നടത്തിയ പഠനങ്ങളില്‍ ഒന്നാണ്‌ ‘ബെട്ട’ പണിയഭാഷ സഹായി നിര്‍മ്മിക്കല്‍.
കേരള സംസ്ഥാനത്തിലെ പട്ടികഗോത്രവര്‍ഗ്ഗ സമുദായങ്ങളുടെ ഭാഷപരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും അവയ്‌ക്ക്‌ ഉചിതമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക എന്ന പൊതുവായ ലക്ഷ്യത്തോടുകൂടിയാണ്‌ ഈ പഠനം പൂര്‍ത്തീകരിച്ചിട്ടുളളത്‌. കൂടാതെ തനത്‌ ഗോത്ര ഭാഷയുടെ പ്രതേ്യകതകള്‍ മനസ്സിലാക്കുന്നതിനും അത്‌ അനായാസേന കൈകാര്യം ചെയ്യുന്നതും ഈ പഠനത്തിന്റെ ലക്ഷ്യങ്ങളാണ്‌.
വിവരണാത്മകവും വസ്‌തുനിഷ്‌ഠവുമായ ഗവേഷണ പ്രവര്‍ത്തന സമ്പ്രദായമാണ്‌ ഈ പഠനത്തില്‍ ഉപയോഗിച്ചിട്ടുളളത്‌. ഫീല്‍ഡില്‍ പോയി ആവേദകരുമായി നേരിട്ട്‌ കൂടിക്കാഴ്‌ച നടത്തിയിട്ടാണ്‌ വിവരശേഖരണം നടത്തിയിട്ടുളളത്‌. വയനാട്ടില്‍ ബത്തേരി, മാനന്തവാടി, കല്‍പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ മുപ്പത്തഞ്ചോളം ആവേദകരില്‍ നിന്നാണ്‌ വിവരശേഖരണം നടത്തിയിട്ടുളളത്‌. നേരിട്ടുളള കൂടിക്കാഴ്‌ചയില്‍ തന്നെ വിവിധ തരത്തിലുളള ഭാഷാഭേദങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്‌. ചോദ്യാവലിയില്‍ വിവിധ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന പദങ്ങള്‍, വാചകങ്ങള്‍, വ്യാകരണം സംബന്ധിച്ചുളള വിവരങ്ങള്‍, സാഹചര്യ സംഭാഷണങ്ങള്‍ എന്നീ വിഭാഗത്തില്‍ നിന്നുളള ചോദ്യങ്ങള്‍ ഉള്‍ക്കൊളളിച്ചിരുന്നു.
മുഖ്യധാരാ സമൂഹത്തില്‍ നിന്ന്‌ വളരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടുളള പണിയന്‍ സമുദായത്തിന്റെ സാമൂഹികപരവും സാമ്പത്തികപരവും വിദ്യാഭ്യാസപരവുമായ ജീവിതോന്നതിക്കുവേണ്ടി വളരെയധികം പ്രവര്‍ത്തനങ്ങള്‍ കിര്‍ടാഡ്‌സ്‌ വകുപ്പിന്റെ ഭാഷാശാസ്‌ത്രവിഭാഗം നടത്തി വരുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്‌ത വളരെ പ്രശംസനീയമായ ഗവേഷണകര്‍മ്മ പരിപാടികളില്‍ ഒന്നായിരുന്നു പണിയന്‍ ഭാഷയ്‌ക്ക്‌ ലിപി രൂപീകരിക്കല്‍ എന്നത്‌. ഊരുകളില്‍ വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോകലും വിദ്യാഭ്യാസ നിലവാര താഴ്‌ചയും വിദ്യാലയങ്ങളില്‍ പോകാന്‍ കുട്ടികള്‍ മടിക്കുന്നതിനെക്കുറിച്ചും പഠനം നടത്തിയപ്പോഴാണ്‌ ഗോത്രഭാഷയുടെ പ്രാധാന്യം ഈ വിഷയത്തില്‍ എത്രമാത്രം ഗാഢമായി നിന്നിരുന്നത്‌ എന്ന്‌ മനസ്സിലാക്കാന്‍ സാധിച്ചത്‌. ആസന്ന മരണാവസ്ഥയില്‍ എത്തി നില്‍ക്കുന്ന പട്ടികവര്‍ഗ്ഗ ഭാഷയെ സംരക്ഷിക്കേണ്ട ആവശ്യകതയെ പറ്റിയും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ധ്യാപകര്‍ക്ക്‌ പട്ടികവര്‍ഗ്ഗ ഭാഷാ പരിജ്ഞാനം കൊടുക്കുന്നതിനെപറ്റിയും ചിന്തിച്ചപ്പോഴാണ്‌ ഗോത്രഭാഷകളെ യുദ്ധകാലാടിസ്ഥാനത്തില്‍ സംരക്ഷിക്കുവാന്‍ ലിപി രൂപീകരണം നടത്തുന്നതിനെക്കുറിച്ച്‌ ചിന്തിച്ചത്‌.
ഒരു സ്ഥലത്തിലെ വിഭിന്ന ഊരുകളില്‍ തന്നെ പണിയന്‍ ഭാഷയ്‌ക്ക്‌ വളരെയധികം ഭാഷാഭേദങ്ങള്‍ ഉണ്ട്‌. അതിനാല്‍ തന്നെ ഒരു വാക്കിന്‌ വിഭിന്ന ഊരുകളില്‍ പല പ്രയോഗങ്ങളും നിലവിലുണ്ട്‌. വെട്ടം എന്ന വാക്കിന്‌  “ബെട്ട” എന്ന പദമാണ്‌ കൂടുതല്‍ പണിയന്‍ ഊരിലും സംസാരിക്കുന്നതെങ്കിലും “ബൊളിച്ചം”, “മൊളിച്ച”, “ബൊളിച്ച”, “വെളുച്ചം”, “വെളള” തുടങ്ങിയ പല പദങ്ങളും അവര്‍ ഉപയോഗിക്കുന്നു.
ഈ പഠന സഹായിയില്‍ പണിയന്‍ സമൂഹം ഉപയോഗിക്കുന്ന ഭൂരിഭാഗം പദങ്ങളും ഉള്‍പ്പെടുത്താന്‍ സാധിച്ചു. കൂടാതെ സാഹചര്യ സംഭാഷണങ്ങളും, ചില അത്യാവശ്യ വ്യാകരണ വിഭാഗങ്ങളും, സംഖ്യാവലികളും, വായ്‌മൊഴി ശേഖരണവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്‌ പണിയന്‍ഭാഷ മനസ്സിലാക്കുവാന്‍ സദയം ശ്രദ്ധ ചെലുത്തുന്ന എല്ലാ വിജ്ഞാന കുതുകികള്‍ക്കും ഉപകാരപ്പെടട്ടെ എന്ന്‌ ആശംസിക്കുന്നു.
ബഹു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക നിയമ സാംസ്‌കാരിക പാര്‍ലമെന്ററി കാര്യവകുപ്പു മന്ത്രി ശ്രീ. എ.കെ.ബാലന്‍, ബഹുമാനപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. ഡോ. വേണു. വി, ഐ. എസ്‌., പട്ടികവര്‍ഗ്ഗ വികസന ഡയറക്‌ടര്‍ ശ്രീ. പി. പുഗഴേന്തി, ഐ. എഫ്‌. എസ്‌. എന്നിവര്‍ക്ക്‌ എന്റെ വിനീതമായ നന്ദി രേഖപ്പെടുത്തുന്നു.
ഈ സംരംഭം വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ച ഡയറക്‌ടര്‍ ഡോ. ബിന്ദു.എസ്‌, ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. കെ. എസ്‌ പ്രദീപ്‌ കുമാര്‍, വികസന പഠനം ഡെപ്യൂട്ടി ഡയറക്‌ടര്‍(ഇന്‍ചാര്‍ജ്ജ്‌) മിനി പി.വി., ഡെപ്യൂട്ടി ഡയറക്‌ടര്‍ വിജിലന്‍സ്‌ (ഇന്‍ചാര്‍ജ്ജ്‌) ശ്രീ.സജിത്ത്‌ കുമാര്‍, സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ ശ്രീ. ശരത്‌ ചന്ദ്രന്‍, ഫിനാന്‍സ്‌ ഓഫീസര്‍ ശ്രീ.രാജന്‍ മറ്റ്‌ സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
പട്ടികഗോത്രവര്‍ഗ്ഗ ഭാഷയെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന ഏവര്‍ക്കും ഇത്‌ വളരെ പ്രയോജനപ്പെടും എന്ന്‌ പ്രത്യാശിച്ചുകൊണ്ട്‌ ഈ ഉദ്യമത്തില്‍ സഹകരിച്ചിട്ടുളള എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഡോ. ശ്യാം എസ്‌. കെ.

No Comments

Post A Comment
Skip to content