വനവകാശനിയമം – മുതുവാന്‍ ഭാഷയിലുളള പരിഭാഷ

ഈ പുസ്‌തകം 2015-ലാണ്‌ പ്രസിദ്ധീകരിച്ചത്‌.

സംസ്‌ഥാനത്തിലെ പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ വനഭൂമിയിലും വനവിഭവങ്ങളിലും മേലുളള അവകാശസംരക്ഷണവും അവരുടെ വനപരിസ്ഥിതിയുമായി ബന്ധപ്പെട്ട വികസന കാര്യങ്ങളും ഉറപ്പുവരുത്തുന്ന ‘2006-ലെ പട്ടിക ഗോത്രവര്‍ഗ്ഗങ്ങളും മറ്റ്‌ പരമ്പരാഗത വനവാസികളും (വനവകാശങ്ങള്‍ അംഗീകരിക്കല്‍) ആക്‌റ്റ്‌’ (വനവകാശ നിയമം) 2008 മുതലാണ്‌ സംസ്ഥാനത്ത്‌ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ മേല്‍ നോട്ടത്തില്‍, കിര്‍ടാഡ്‌സ്‌, വനം, റവന്യൂ, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കി തുടങ്ങിയത്‌. എന്നാല്‍, സമീപകാലത്ത്‌ പ്രസ്‌തുത നിയമത്തിന്റെ സംസ്ഥാനത്തെ നടപ്പിലാക്കല്‍ വിലയിരുത്തിയതില്‍ നിന്നും, കിര്‍ടാഡ്‌സ്‌ വകുപ്പ്‌ ഇടുക്കി ജില്ലയിലെ മുതുവാന്‍, പളളിയന്‍ സമുദായങ്ങളെ അടിസ്ഥാനമാക്കി കൊണ്ട്‌ ‘സമീപകാല നിയമങ്ങള്‍ കേരളത്തിലെ പട്ടികവര്‍ഗ്ഗ സമുദായങ്ങളില്‍ ചെലുത്തിയ സ്വാധീന’ത്തെക്കുറിച്ച്‌ നടത്തിയ പഠനത്തില്‍ നിന്നും വനവകാശനിയമത്തിനെക്കുറിച്ചുളള കൃത്യമായ അറിവ്‌ പട്ടികവര്‍ഗ്ഗ സമുദായങ്ങളില്‍ എത്തിയിട്ടില്ല എന്നും ആയത്‌ ആക്‌റ്റ്‌ അതിന്റെ അന്തസത്തയില്‍ നടപ്പിലാക്കുന്നതിന്‌ തടസ്സമായിട്ടുണ്ടെന്നും അതിന്‌ പ്രധാന കാരണം ഭാഷപരമായ പ്രശ്‌നമാണെന്നും വ്യക്തമാവുകയുണ്ടായി. കൂടാതെ, ട്രൈബല്‍ റിസര്‍ച്ച്‌ ആന്റ്‌ ട്രെയിനിങ്ങ്‌ സെന്റര്‍, ഒറീസ്സ, വനവകാശനിയമത്തെ അവിടത്തെ ഗോത്രഭാഷകളിലേക്ക്‌ തര്‍ജ്ജിമ ചെയ്‌തത്‌, വനവകാശ നിയമത്തെ ഒറീസ്സയില്‍ നടപ്പിലാക്കുന്നതിന്‌ വളരെയധികം സഹായമാവുകയും ചെയ്യുകയുണ്ടായി. ഈയൊരു സാഹചര്യത്തിലാണ്‌ വനവകാശ നിയമത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും സംസ്ഥാനത്ത്‌ നടപ്പിലാക്കുന്നതിനായി ബഹുമാനപ്പെട്ട പട്ടികവര്‍ഗ്ഗക്ഷേമം, യുവജനകാര്യ, മ്യൂസിയം മൃഗശാലയും വകുപ്പ്‌ മന്ത്രി ശ്രീമതി. പി.കെ. ജയലക്ഷ്‌മി നേതൃത്വം കൊടുക്കുന്ന പട്ടികവര്‍ഗ്ഗ വികസനവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.സുബ്രതാ ബിശ്വാസ്‌, ഐ.എ.എസ്സി ന്റെ നിര്‍ദ്ദേശാനുസരണം വനവകാശ നിയമത്തെ സംസ്‌ഥാനത്തിലെ ഗോത്രഭാഷകളിലേക്ക്‌ മൊഴിമാറ്റുക എന്നതിന്റെ ആദ്യപടിയായി ബഹുഭൂരിപക്ഷം ആളുകളും വനഭൂമിയേയും വനവിഭവങ്ങളെയും ആശ്രയിച്ച്‌ കഴിയുന്ന മുതുവാന്‍ സമുദായത്തിന്റെ ഭാഷയിലേക്ക്‌ വനവകാശനിയമം മൊഴിമാറ്റുവാനായി തീരുമാനിച്ചത്‌.
മുതുവാന്‍ സമുദായക്കാര്‍ പൊതുവില്‍ മൂന്നു വിധത്തിലുളള ഭാഷകള്‍ സംസാരിക്കുന്നുണ്ട്‌. തമിഴ്‌ ഭാഷയോട്‌ സാദൃശ്യമുളളത്‌, മലയാള ഭാഷയോട്‌ സാദൃശ്യമുളളത്‌, തമിഴ്‌ മലയാളം എന്നീ ഭാഷകളോട്‌ സാമ്യമുളളത്‌ എന്നിവയാണവ. ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട എന്നിവിടങ്ങളില്‍ അധിവസിക്കുന്ന മുതുവാന്‍ സമുദായംഗങ്ങള്‍ കൂടുതലായും തമിഴ്‌ ഭാഷയോട്‌ സാമ്യമുളള ഭാഷയാണ്‌ സംസാരിക്കുന്നത്‌. വനവകാശ നിയമം, വനവകാശം സംബന്ധിച്ച്‌ ഗോത്ര മന്ത്രാലയം പുറത്തിറക്കിയ ചോദേ്യാത്തരങ്ങള്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്‌ പ്രസിദ്ധീകരിച്ച ‘വനവകാശ നിയമം 2006 – വിശദീകരണ രേഖ/നോട്ട്‌’ എന്നിവയുടെ തമിഴ്‌ ഭാഷാ സാദൃശ്യമുളള മുതുവാന്‍ ഭാഷയിലുളള പരിഭാഷ, മലയാളത്തിലുളള ‘2006-ലെ പട്ടിക ഗോത്രവര്‍ഗ്ഗങ്ങളും മറ്റ്‌ പരമ്പാരാഗത വനവാസികളും (വനവകാശങ്ങള്‍ അംഗീകരിക്കല്‍) ആക്‌റ്റ്‌, മേല്‍ പ്രസ്‌താവിച്ച ഗോത്ര മന്ത്രാലയം പുറത്തിറക്കിയ ചോദേ്യാത്തരങ്ങള്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്‌ പ്രസിദ്ധീകരിച്ച വിശദീകരണ രേഖ/നോട്ട്‌ എന്നിവയാണ്‌ ഈ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
2014 നവംബര്‍ 20 മുതല്‍ 29 വരെ കോഴിക്കോടുളള വകുപ്പിന്റെ ക്യാമ്പസില്‍വെച്ചു നടത്തിയ ദശദിന ശില്‌പശാലയിലൂടെെയാണ്‌ ‘2006-ലെ പട്ടിക ഗോത്രവര്‍ഗ്ഗങ്ങളും മറ്റ്‌ പരമ്പരാഗത വനവാസികളും (വനവകാശങ്ങള്‍ അംഗീകരിക്കല്‍) ആക്‌റ്റ്‌’ തമിഴ്‌ ഭാഷയോട്‌ സാദൃശ്യമുളള മുതുവാന്‍ ഗോത്രഭാഷയിലേക്ക്‌ മൊഴി മാറ്റിയത്‌. മുതുവാന്‍ സമുദായത്തില്‍പ്പെട്ട മറയൂര്‍ സ്വദേശികളായ ശ്രീ.തങ്കേശ്വരന്‍, ശ്രീ.മയില്‍ സ്വാമി എന്നിവരും, ഇടമലക്കുടിയിലെ എം.ജി.എല്‍.സി അദ്ധ്യാപകനായ ശ്രീ.പി.കെ.മുരളിധരനുമാണ്‌ ശില്‌പശാലയില്‍ പങ്കെടുത്ത്‌ വനവകാശനിയമത്തെ തമിഴിനോട്‌ സാമ്യമുളള മുതുവാന്‍ ഭാഷയിലേക്ക്‌ മൊഴി മാറ്റിയത്‌. പത്ത്‌ ദിവസം മറ്റ്‌ തിരക്കുകളെല്ലാം മാറ്റി വച്ച്‌ പൂര്‍ണമായും പരിഭാഷ പ്രക്രിയയില്‍ മുഴുകി ഈ ഉദ്യമം വിജയകരമായി പൂര്‍ത്തിയാക്കിയ മേല്‍ പ്രസ്‌താവിച്ച പരിഭാഷകരോട്‌ വകുപ്പിനുളള അഗാധമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. കിര്‍ടാഡ്‌സ്‌ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണ പഠനങ്ങള്‍ക്കും പരിശീലന പരിപാടികള്‍ക്കും മറ്റും ആവശ്യമായ നിര്‍ദ്ദേശങ്ങളും പ്രോത്സാഹനവും നിസീമമായ പിന്തുണയും നല്‍കിവരുന്ന ബഹു. പട്ടികവര്‍ഗ്ഗ ക്ഷേമം, യുവജനകാര്യം,മ്യൂസിയവും മൃഗശാലയും വകുപ്പ്‌ മന്ത്രി ശ്രീമതി.പി.കെ. ജയലക്ഷ്‌മിയ്‌ക്ക്‌ വകുപ്പിന്റെ അകമഴിഞ്ഞ കൃതജ്ഞതയും കടപ്പാടും രേഖപ്പെടുത്തികൊളളുന്നു. വകുപ്പിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വവിധ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിവരുന്ന പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ബഹുമാനപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.സുബ്രതാ ബിശ്വാസ്‌ ഐ.എ.എസിനോടും പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ ഡയറക്‌ടറോടുളള അതിയായ നന്ദി അറിയിക്കുന്നു.
എം.എസ്‌.ഡബ്ല്യൂ കോഴ്‌സിന്റെ ‘ഇന്റേണ്‍ഷിപ്പിന്റെ’ ഭാഗമായി, മുതുവാന്‍ ഭാഷയിലേക്ക്‌ മൊഴിമാറ്റിയ ‘ഡ്രാഫ്‌റ്റ്‌’ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പ്രദേശങ്ങളിലെ മുതുവാന്‍ സമുദായക്കാരുടെ കുടികള്‍ സന്ദര്‍ശിച്ച്‌ സമുദായാംഗങ്ങളുമായി ചര്‍ച്ച ചെയ്‌ത്‌ അന്തിമരൂപം നല്‍കുന്നതിന്‌ സഹായിച്ചത്‌ മുതുവാന്‍ സമുദായംഗം തന്നെയായ ശ്രീ.രാജേന്ദ്രനാണ്‌. അദ്ദേഹത്തിനോട്‌ വകുപ്പിനുളള കടപ്പാട്‌ അറിയിക്കുന്നു. പരിഭാഷയുടെ വിവിധ ഘട്ടങ്ങളില്‍ അഭിപ്രായം അറിയിക്കുകയും വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌ത, വകുപ്പിലെ ഗവേഷണ വിഭാഗത്തിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്‌ടറുമായ ശ്രീ.വി.കെ.മോഹന്‍കുമാര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ എസ്‌.എസ്‌ ആയി സേവനം അനുഷ്‌ഠിക്കുന്ന ശ്രീ. ഹെറാള്‍ഡ്‌ എന്നിവരോട്‌ വകുപ്പിനുളള കൃതജ്ഞത രേഖപ്പെടുത്തുന്നു.
മുതുവാന്‍ ഭാഷയില്‍ മൊഴിമാറ്റിയ വനവകാശ നിയമവും അനുബന്ധകാര്യങ്ങളും ആ നിയമത്തിന്റെ എല്ലാ അന്തസത്തയും ഉള്‍ക്കൊണ്ടുകൊണ്ട്‌ പട്ടിക വര്‍ഗ്ഗ മുതുവാന്‍ സമുദായക്കാര്‍ക്കിടയില്‍ പ്രസ്‌തുത നിയമം നടപ്പാക്കുന്നതിനാവശ്യമായ അറിവ്‌ സൃഷ്‌ടിക്കുന്നതിന്‌ ഉതകും എന്ന്‌ വിശ്വസിക്കുന്നു. ആ ഒരു ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്‌ വകുപ്പ്‌ ‘2006-ലെ പട്ടിക ഗോത്രവര്‍ഗ്ഗങ്ങളും മറ്റ്‌ പരമ്പരാഗത വനവാസികളും (വനവകാശങ്ങള്‍ അംഗീകരിക്കല്‍) ആക്‌റ്റ്‌’ മുതുവാന്‍ ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നത്‌. ആയത്‌ മുതുവാന്‍ സമുദായത്തിലെ അഭ്യസ്‌ത വിദ്യര്‍ക്കും മറ്റാളുകള്‍ക്കും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും വനവകാശ നിയമം നടപ്പിലാക്കുന്നതിനാവശ്യമായ സാഹചര്യം മുതുവാന്‍ സമുദായത്തില്‍ ഒരുക്കുന്നതില്‍ സഹായമാകുമെന്ന്‌ പ്രത്യശിക്കുന്നു. കൂടാതെ മുതുവാന്‍ ഭാഷയില്‍ തയ്യാറാക്കിയിട്ടുളള ഈ വനവകാശ നിയമ പരിഭാഷ ആക്‌റ്റിനെക്കുറിച്ച്‌ മുതുവാന്‍ സമുദായക്കിടയില്‍ അവബോധം സൃഷ്‌ടിക്കുക എന്നതിന്‌ മാത്രമായി തയ്യാറാക്കിയതാണ്‌, നിയമസാധുതയുളള ആധികാരിക രേഖയല്ല എന്നറിയിക്കുന്നു.

ഡോ. ബിന്ദു.എസ്‌.
ഡയറക്‌ടര്‍

No Comments

Sorry, the comment form is closed at this time.

Skip to content