സമുദായ നിര്‍ണ്ണയ പഠനങ്ങള്‍ – സീരീസ് 1

ഈ പുസ്തകം 1994-ലാണ് പ്രസിദ്ധീകരിച്ചത്.

കേരള സംസ്ഥാനത്ത് ആദിആന്ധ്ര സമുദായം ഉണ്ടോയെന്നും ഉണ്ടെങ്കില്‍ അവരെവിടെയൊക്കൊയുണ്ട് എന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ഗവണ്‍മെന്റ്‌ ആവശ്യപ്പെടുകയുണ്ടായി. ഈ അന്വേഷണോത്തരവിനോടൊപ്പം പട്ടികജാതിയില്‍പ്പെട്ട ആദി ആന്ധ്രക്കാരാണെവകാശപ്പെടുന്നവരുടെ സംഘടനയായ ‘ആദിആന്ധ്ര സമാജം’ കേരള സംസ്ഥാന കമ്മിറ്റി സര്‍ക്കാറിന് സമര്‍പ്പിച്ച ഒരു നിവേദനവും പരിശോധനയ്ക്കായി അയച്ചുതരുകയുണ്ടായി. ഇതേ തുടർന്ന് ‘ആദിആന്ധ്ര സമാജം’ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ ഭൗതികസംസ്‌കാരം, സാമ്പത്തിക സ്ഥിതി, കുലത്തൊഴില്‍, മറ്റു സമുദായങ്ങളുമായുളള സാമൂഹ്യ സാമ്പത്തികബന്ധം, ചരിത്ര ഗതിയില്‍ ഇവര്‍ക്ക് ജാതിശ്രേണിയിലുണ്ടായിരുന്ന സ്ഥാനം തുടങ്ങിയവ നരവംശശാസ്ത്രപരമായി പഠനം നടത്തുകയുണ്ടായി. കൂടാതെ പട്ടികജാതി ലിസ്റ്റില്‍ ‘ആദിആന്ധ്ര’ എന്ന പേരില്‍ രേഖപ്പെടുത്തിയിട്ടുള്ള സമുദായം/സമുദായങ്ങള്‍ ഏതൊക്കെയാണെന്നും ആ സമുദായങ്ങളുടെ സംസ്‌കാരവിശേഷങ്ങള്‍ ഏതൊക്കെയാണെന്നും പ്രസക്തമായ രേഖകളുടെ പിന്‍ബലത്തോടെ കണ്ടെത്തുകയുണ്ടായി. ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ‘ആദിആന്ധ്ര’ എന്ന പേരില്‍ അറിയപ്പെടുന്ന സമുദായങ്ങള്‍ ഏതൊക്കെയാണെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാറില്‍നിന്നും അന്വേഷിച്ച് മനസ്സിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.  ‘ആദിആന്ധ്ര സമാജം’ എന്ന പേരില്‍ തങ്ങള്‍ പട്ടികജാതിക്കാരായ ആദിആന്ധ്രക്കാരാണ് എന്നവകാശപ്പെടുന്നവരുടെ പ്രധാന ആവാസസ്ഥാനം കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലാണ്. ഈ ജില്ലകളില്‍ ഈ സമുദായം കുംബാരന്‍ എന്നാണറിയപ്പെടുന്നത്. കുംബാരന്‍ സമുദായത്തിന്റെ സംസ്‌കാരക്കുറിപ്പ് ഒന്നാം അദ്ധ്യായത്തിലും, രണ്ടാം അദ്ധ്യായത്തില്‍ പട്ടികജാതി ലിസ്റ്റില്‍ ആദിആന്ധ്ര എന്ന പേരിന്റെ പ്രസക്തിയെക്കുറിച്ചും, മൂന്നാം അദ്ധ്യായത്തില്‍ കുംബാരന്മാര്‍ ആദിആന്ധ്ര പട്ടികജാതിയാകാന്‍ നടത്തിയ ശ്രമത്തിന്റെ വ്യാപ്തിയെപ്പറ്റിയും, നാലാം അദ്ധ്യായത്തില്‍ മണ്‍പാത്രനിര്‍മ്മാണം, കുലത്തൊഴില്‍ ആക്കിയിട്ടുള്ള ഇതരസമുദായത്തില്‍ പെട്ടവരെപ്പറ്റിയും, അവസാന അദ്ധ്യായത്തില്‍ റിപ്പോര്‍ട്ടിലെ വസ്തുതകളുടെ സംഗ്രഹവും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊളളിച്ചിരിക്കുന്നു.

പി.കെ.സുകുമാരന്‍ നായര്‍
ഡയറക്ടര്‍

 

No Comments

Post A Comment
Skip to content