Research Publication Series Volume IV – ഗോത്രഭാഷകളും പണിയന്‍ ഭാഷയ്‌ക്ക്‌ ലിപി തയ്യാറാക്കലും

ഈ പുസ്‌തകം 2016-ലാണ്‌ പ്രസിദ്ധീകരിച്ചത്‌. പുസ്‌തകത്തിന്റെ വില 200 രൂപയാണ്‌.

ഈ പുസ്‌തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്‌. കേരളസംസ്ഥാനത്തിലെ പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ ഭാഷകള്‍/ഭാഷഭേദങ്ങള്‍ സംരക്ഷിക്കുന്നതിനും അവയുടെ ഉന്നമനത്തിനും ഉതകുന്ന പദ്ധതി രൂപീകരണവും പണിയന്‍ ഭാഷയ്‌ക്ക്‌ ലിപി തയ്യാറക്കലുമാണ്‌. കേരളസംസ്ഥാനത്തില്‍ 37 പട്ടികവര്‍ഗ്ഗ ഗോത്രവിഭാഗങ്ങളാണുള്ളത്‌. ഓരോ പട്ടിക വര്‍ഗ്ഗ സമുദായങ്ങള്‍ക്കും അവരവരുടേതായ ആചാരാനുഷ്‌ഠാനങ്ങളും ഭാഷാപരമായ പ്രത്യേകതകളും ഉണ്ട്‌. ഈ പ്രത്യേകതകള്‍ രൂപാന്തരപ്പെടുന്നത്‌ വൈവിധ്യമേറിയ അവരുടെ പരിസ്ഥിതിക്കനു സരിച്ചാണ്‌. ഗോത്രവര്‍ഗ്ഗ സംസ്‌ക്കാരത്തിന്റെ ഒരു മുഖ്യ ഘടനയാണ്‌ ഗോത്ര വര്‍ഗ്ഗക്കാരുടെ ഭാഷ. ഗോത്രഭാഷകള്‍ അഭിമുഖീകരിക്കുന്ന ഭീഷണികളെ അതിജീവിക്കുന്നതിനും ഗോത്രഭാഷകളെ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്‌ വരുന്നുണ്ട്‌. അതിന്റെ ഭാഗമായി കിര്‍ടാഡ്‌സ്‌ വകുപ്പിലെ ഭാഷാശാസ്‌ത്ര വിഭാഗം പ്രസ്‌തുത പഠനം നടത്തിയിട്ടുണ്ട്‌. ഈ പഠന റിപ്പോര്‍ട്ടില്‍ 13 അദ്ധ്യായങ്ങളാണുള്ളത്‌. ഈ പഠനത്തില്‍ ഭാഷയേയും ലോകഭാഷകളേയും തനത്‌ ഗോത്രഭാഷ കളേയും കുറിച്ച്‌ വിശദമായി പ്രതിപാദിക്കുന്നു. കൂടാതെ ഇന്ന്‌ ഏതൊക്കെ ഗോത്രഭാഷകള്‍ നാശത്തിന്റെ വക്കില്‍ നില്‍ക്കുന്നതെന്നും ഏത്‌ രീതിയില്‍ ആണ്‌ അതിനെ സംരക്ഷിക്കേണ്ടതെന്നും വിശദമായി പ്രതിപാദിക്കുന്നു. ബഹു. പട്ടികവര്‍ഗ്ഗ ക്ഷേമ യുവജനകാര്യ വകുപ്പ്‌ മന്ത്രി കുമാരി.പി.കെ. ജയലക്ഷ്‌മിയുടേയും, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്‌, ശ്രീ. സുഭ്രതാ ബിശ്വാസിന്റേയും ഭരണ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രസ്‌തുത ഗവേഷണ പഠനം കിര്‍ടാഡ്‌സിന്‌ നടത്തുവാന്‍ സാധിച്ചത്‌. ഈ ഗവേഷണ പഠനത്തില്‍ കേരളത്തിലെ പട്ടിക വര്‍ഗ്ഗ ജനസംഖ്യയില്‍ കൂടുതലുള്ള പണിയ സമുദായത്തിന്റെ ഭാഷ സംരക്ഷിക്കുവാനും അവരുടെ പഠന നിലവാരം ഉയര്‍ത്തുവാനും ഗോത്രഭാഷാ പഠനത്തിലൂടെ വരും കാലങ്ങളില്‍ കഴിയട്ടേ എന്ന്‌ ആശംസിക്കുന്നു. ഗോത്രഭാഷയെ ക്കുറിച്ച്‌ ഗവേഷണം നടത്തുന്ന ഏവര്‍ക്കും ഇത്‌ വളരെ പ്രയോജനപ്പെടും എന്ന്‌ പ്രത്യാശിച്ചുകൊണ്ട്‌ ഈ ഉദ്യമത്തില്‍ സഹകരിച്ചിട്ടുള്ള എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

 

ഡോ. ബിന്ദു.എസ്‌.
ഡയറക്‌ടര്‍

                                                                       പുസ്‌തകത്തെക്കുറിച്ച്‌

രണ്ടു ഭാഗമായിട്ടാണ്‌ പ്രസ്‌തുത പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളത്‌ ഒന്നാം ഭാഗത്തില്‍ നാശോന്‍ മുഖമായിക്കൊണ്ടിരിക്കുന്ന ഗോത്രഭാഷകളെക്കുറിച്ചും തനത്‌ ഭാഷകളെ സംരക്ഷിക്കുന്നതിനു വേണ്ടി ചെയ്യാന്‍പറ്റുന്ന പരിഹാരങ്ങളെക്കുറിച്ചുമാണ്‌ പ്രതിപാദിക്കുന്നത്‌. ഒന്നാം ഭാഗത്തില്‍ പ്രധാനമായും സംസ്ഥാനത്തിലെ പട്ടികവര്‍ഗ്ഗവിഭാഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍, ഭാഷകള്‍, ലോകത്തിലെ ഭാഷാകുടുംബങ്ങള്‍, കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ തനത്‌ ഭാഷകള്‍ എന്നിവ വിശദമാക്കുന്നു.
2014 ല്‍ കിര്‍ട്ടാഡ്‌സ്‌ വകുപ്പിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ‘സംസ്ഥാനത്തിലെ പട്ടിക വര്‍ഗ്ഗ സമുദായങ്ങളുടെ ഭാഷാപരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും അവയ്‌ക്ക്‌ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക’ എന്ന പൊതുവായ ലക്ഷ്യത്തോടുകൂടി സംസ്ഥാനത്തിലെ പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ ഭാഷകള്‍ സംരക്ഷിക്കുന്നതിനും അവയുടെ ഉന്നമത്തിന്‌ ഉതകുന്ന പദ്ധതി രൂപീകരണത്തിനുമായി വിശദമായ ഒരു പഠനം നടത്തുകയുണ്ടായി. വളരെ ബൃഹത്തായതും അതിലുപരി സങ്കീര്‍ണ്ണമായതുമായ ഒരു പഠനമായിരുന്നു അത്‌. ആ പഠനത്തില്‍, നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന 37 പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ തനത്‌ ഭാഷയെ നാല്‌ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭദ്രമായ ഭാഷകള്‍, ഭദ്രമല്ലാത്ത ഭാഷകള്‍, നാശോന്‍മുഖമാകുന്ന ഭാഷകള്‍, നാശമായ ഭാഷകള്‍ എന്നിങ്ങനെയാണ്‌ പട്ടികവര്‍ഗ്ഗ ഭാഷകളെ തരം തിരിച്ചിട്ടുള്ളത്‌.
കൂടാതെ ഈ പഠനത്തില്‍ നിന്നും മനസ്സിലായത്‌ എല്ലാ പട്ടികവര്‍ഗ്ഗ തനത്‌ ഭാഷകളെയും നിലനിര്‍ത്തുന്നതിനായി എല്ലാ ഭാഷകള്‍കും ഒരു ലിഖിത രൂപം ഉണ്ടാക്കുകയാണ്‌ വേണ്ടത്‌ എന്നുള്ളതാണ്‌. പല ഭാഷകളും നാശോന്‍ മുഖമായിക്കൊണ്ടിരിക്കുകയാണ്‌. ഭാഷയുടെ വിനിമയ സമ്പ്രദായം പൂര്‍ണ്ണമാകണമെങ്കില്‍ വായ്‌മൊഴിയും ലിഖിതസമ്പ്രദായവും ആവശ്യമാണ്‌. പട്ടികവര്‍ഗ്ഗ ഭാഷകള്‍ക്ക്‌ തനത്‌ വായ്‌മൊഴി ഉണ്ടെങ്കിലും തനത്‌ ലിഖിത രൂപമില്ല. അതായത്‌ പട്ടികവര്‍ഗ്ഗ ഭാഷയ്‌ക്ക്‌ സ്വന്തമായി ലിപി ഇല്ല. വായ്‌മൊഴിയായി മാത്രമാണ്‌ പട്ടികവര്‍ഗ്ഗ ഭാഷകള്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്‌. ഒരു ഭാഷയുടെ നിലനില്‍പ്പിന്‌ വായ്‌മൊഴി മാത്രം പോരാ ലിഖിതരൂപം കൂടെ വേണം. ലിപി ഉണ്ടാകുമ്പോള്‍ അവിടെ സാഹിത്യം ഉണ്ടാകുന്നു. അങ്ങനെ സാഹിത്യവും സംസ്‌ക്കാരവും രേഖപ്പെടുത്തുവാനും അത്‌ ഭാഷയുടെ വളര്‍ച്ചയെ സഹായിക്കാന്‍ ഉതകുകയും ചെയ്യുന്നു. അങ്ങനെ എല്ലാ ഭാഷകള്‍കും തനത്‌ ലിപി ഉണ്ടാകുമ്പോള്‍ ഒരു പരിധി വരെ പട്ടികവര്‍ഗ്ഗ ഭാഷകളെ നമുക്കു സംരക്ഷിക്കുവാന്‍ സാധിക്കും. മറ്റു സമുദായങ്ങളെ അപേക്ഷിച്ച്‌ ഗോത്ര വിഭാഗങ്ങള്‍ ഇപ്പോഴും തനതായ പൈതൃകവും സാംസ്‌ക്കാരികമായ ഉന്നതിയും ഭാഷാപരമായ സവിശേഷതകളും നിലനിര്‍ത്തുന്നുണ്ടെന്ന്‌ വെളിപ്പെടുന്ന വിരളമായുള്ള പഠനങ്ങളെ നടന്നിട്ടുള്ളൂ. പലരും ഗോത്ര സമുദായക്കാരെയും ഗോത്ര പൈതൃകങ്ങളെയും സംസ്‌കാരങ്ങളെയും അവരുടെ തനത്‌ ഭാഷകളെയും തൊട്ടും തലോടിയും ഉപരിതലം മാത്രം പറഞ്ഞ്‌ പോയതല്ലാതെ അവരുടെ ഭാഷാപരമായ ഉന്നമനത്തിനും നശിച്ചുകൊണ്ടിരിക്കുന്നതും നാശോന്‍മുഖമായതും നാശത്തിന്റെ അല്ലെങ്കില്‍ ഭീഷണിയുടെ വക്കുവരെ എത്തിയതുമായ ഭാഷാപ്രയോഗങ്ങളെ നിലനിര്‍ത്തുന്നതിന്‌ എന്തു ചെയ്യാമെന്നുള്ള വഴികളെ പറ്റിയും പ്രതിപാദിച്ചു കണ്ടിട്ടില്ല.
ഈയൊരു സാഹചര്യത്തിലാണ്‌ പ്രസ്‌തുത പഠനത്തിന്റെ പ്രസക്‌തി. പഠനത്തിന്റെ ഭാഗമായി ശേഖരിച്ച വസ്‌തുതകള്‍ വിശകലനം ചെയ്‌തതിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ്‌ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വിവരിച്ചിരിക്കുന്നത്‌. അവയില്‍ നിന്നും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ഭാഷകളുടെ നിലനില്‍പ്പിനെക്കുറിച്ചും ഏതൊക്കെ ഭാഷകള്‍ നാശോന്‍മുഖമാകുന്നുവെന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്‌. ഗോത്രവര്‍ഗ സമുദായങ്ങളുടെ തനത്‌ ഭാഷ ഇന്ന്‌ അന്യം നിന്നുകൊണ്ടിരിക്കുകയാണ്‌. ഇത്തരത്തില്‍ അവരുടെ ഭാഷയ്‌ക്ക്‌ നാശം സംഭവിച്ചാല്‍ അവരുടെ വിലപിടിപ്പുള്ള നാട്ടറിവുകള്‍ അടുത്ത തലമുറകളിലേക്ക്‌ കൈമാറപ്പെടാതെ പോകും. ആയതിനാല്‍ അത്‌ സംരക്ഷിക്കേണ്ട ചുമതല എല്ലാവര്‍ക്കും ഉണ്ട്‌. ഈ ഉദ്യമം പ്രസ്‌തുത ലക്ഷ്യത്തിലെത്തട്ടെ എന്ന്‌ പ്രാര്‍ത്‌ഥിക്കുന്നു.
രണ്ടാം ഭാഗത്തില്‍ ലിപി എന്ന ആശയത്തെക്കുറിച്ചും അത്‌ രൂപവല്‍ക്കരിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ചും ലോകത്തിലേയും ഭാരതത്തിലേയും പുരാതന ലിപികളെക്കുറിച്ചും വ്യക്‌തമാക്കുന്നു. പഠനത്തിന്റെ ഭാഗമായി 2014-15 വര്‍ഷങ്ങളില്‍ പണിയ ഭാഷയ്‌ക്ക്‌ ലിപി തയ്യാറാക്കാനായി വളരെ ദീര്‍ഘമായ തോതില്‍ വയനാട്‌ ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഫീല്‍ഡ്‌ സ്റ്റഡി നടത്തുകയുണ്ടായി. അതുവഴി മുന്നോറോളം വരുന്ന ആവേദകരില്‍ നിന്നും കിട്ടാവുന്ന പദങ്ങളും ആവശ്യം പോലെ പഠനത്തിനു വേണ്ടിയുള്ള വിവരങ്ങളും ശേഖരിക്കുകയുണ്ടായി. ലിപി എന്ന ആശയത്തെക്കുറിച്ചും അത്‌ രൂപവല്‍ക്കരിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ചും ലോകത്തിലേയും ഭാരതത്തിലേയും പുരാതന ലിപികളെക്കുറിച്ചും ഈ ഭാഗത്തില്‍ വ്യക്‌തമാക്കുന്നു. കൂടാതെ, പ്രധാനമായും ലിഖിത രൂപമില്ലാത്ത ഗോത്രഭാഷകളില്‍, പണിയഭാഷക്ക്‌ അനുയോജ്യമായ ലിപി രൂപവല്‍ക്കരിക്കുകയും ചെയ്‌തിട്ടുണ്ട്‌.
കേരളത്തിലെ 37 ഗോത്ര വിഭാഗങ്ങളില്‍ ഓരോ വിഭാഗത്തിനും അവരവരുടേതായ തനത്‌ ഭാഷയുണ്ടെന്ന്‌ ഈ ഫീല്‍ഡ്‌ സ്റ്റഡിയിലൂടെ ഉറപ്പുവരുത്താന്‍ സാധിച്ചു. വളരെ വിലപിടിപ്പുള്ള പൈത്യകങ്ങളായ ആചാരങ്ങളും മറ്റും രേഖപ്പെടുത്തി സൂക്ഷിക്കാന്‍ ഒരു ലിപി പോലും ഇല്ലാതെ വായ്‌മൊഴിയായി മാത്രമാണ്‌ ഇത്തരം തനത്‌ ഭാഷകള്‍ അവര്‍ ഉപയോഗിക്കുന്നത്‌.

ഇക്കാലങ്ങളില്‍ ലിപി ഉണ്ടായിരുന്നിട്ടു പോലും മരിച്ചു കൊണ്ടിരിക്കുന്ന മറ്റു ഭാഷകളുടെ അവസ്ഥകള്‍ നോക്കുമ്പോള്‍ തന്നെ ഇത്തരം പട്ടികവര്‍ഗ്ഗ തനത്‌ ഭാഷകളുടെ ഭാവിയിലെ നില നില്‍പ്പ്‌ എത്ര കണ്ട്‌ സ്ഥിരതയുള്ളതാണെന്ന്‌ ആലോചിക്കാന്‍ പോലും കഴിയുന്ന കാര്യമല്ല. പട്ടികവര്‍ഗ്ഗ ഗോത്രവിഭാഗത്തില്‍പ്പെടുന്ന ജനങ്ങളുടെ സംസ്‌ക്കാരവും, പൈത്യകവും കലയും സാഹിത്യവുമെല്ലാം വരും തലമുറകളില്‍ പെടുന്ന ജനങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി ലഭിക്കണമെങ്കില്‍ അവരുടെ തനത്‌ ഭാഷയ്‌ക്ക്‌ ലിപി ഉണ്ടാവുകതന്നെ വേണം.
ഗോത്രവര്‍ഗ്ഗ സമുദായങ്ങളുടെ തനത്‌ ഭാഷ ഇന്ന്‌ അന്യം നിന്നുകൊണ്ടിരിക്കുകയാണ്‌. ഇത്തരത്തില്‍ അവരുടെ ഭാഷയ്‌ക്ക്‌ നാശം സംഭവിച്ചാല്‍ അവരുടെ വിലപിടിപ്പുള്ള നാട്ടറിവുകള്‍ അടുത്ത തലമുറകളിലേക്ക്‌ കൈമാറപ്പെടാതെ പോകും. ആയതിനാല്‍ അവ സംരക്ഷിക്കേണ്ട ചുമതല എല്ലാവര്‍ക്കും ഉണ്ട്‌. ഈ ഉദ്യമം പ്രസ്‌തുത ലക്ഷ്യത്തിലെത്തട്ടെ എന്ന്‌ പ്രാര്‍ത്‌ഥിക്കുന്നു. ഈ സംരംഭത്തില്‍ എന്നെ സഹായിച്ച ബഹുമാനപ്പെട്ട ഡയറക്‌ടര്‍ ഡോ. ബിന്ദു, ഡെപ്യൂട്ടി ഡയറക്‌ടര്‍ (പരിശീലനം) ഡോ. പ്രദീപ്‌കുമാര്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍ (ഇന്‍ ചാര്‍ജ്ജ്‌) (വികസന പഠനം) കുമാരി മിനി പി.വി, ഡെപ്യൂട്ടി ഡയറക്‌ടര്‍ (ഇന്‍ ചാര്‍ജ്ജ്‌) (നരവംശശാസ്‌ത്രം) ശ്രീ. സുഭാഷ്‌ വി.എസ്‌ മറ്റ്‌ എല്ലാ ജീവനക്കാര്‍ക്കും വ്യക്‌തികള്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഡോ. ശ്യാം എസ്‌. കെ.

No Comments

Post A Comment
Skip to content