ഗോത്രതാളം

ഈ പുസ്‌തകം 2017-ലാണ്‌ പ്രസിദ്ധീകരിച്ചത്‌. പുസ്‌തകത്തിന്റെ വില 150 രൂപയാണ്‌.

ഈ പുസ്‌തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്‌ പണിയന്‍, കാട്ടുനായിക്കന്‍, മന്നാന്‍ ഗോത്ര ജനതയുടെ കലകളാണ്‌. സംസ്ഥാനത്തിലെ പട്ടികവര്‍ഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ഗോത്ര ജനത പ്രത്യേകിച്ചും അവരിലെ യുവതീയുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ ഗോത്രസമൂഹങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ തലങ്ങളിലും വകുപ്പുകളിലുമുളള സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കായി, ഗോത്ര ജനതയുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനുതകുന്ന പരിശീലന പരിപാടികള്‍ നടത്തുക എന്നത്‌ വകുപ്പിന്റെ ഒരു പ്രധാന പ്രവര്‍ത്തനമേഖലയാണ്‌.
ഗോത്രസമൂഹങ്ങളുടെ പല കലാരൂപങ്ങളും ഇന്ന്‌ അന്യം നിന്ന്‌ പോവുകയാണ്‌. കലകളിലെ വാമൊഴി പാട്ടുകളിലൂടെയും മറ്റും പാരമ്പര്യമായി സ്വായത്തമാക്കിയ അറിവുകള്‍ പുതിയ തലമുറയ്‌ക്ക്‌ പകര്‍ന്നു കൊടുക്കാന്‍ കഴിയാതെ പോകുന്നതും കൂട്ടായ്‌മ നഷ്‌ടപ്പെടുന്നതും ഇതിന്റെ മുഖ്യ ദൂഷ്യഫലങ്ങളാണ്‌. സംസ്ഥാനത്തിലെ ഗോത്ര സമുദായങ്ങളുടെ പാരമ്പര്യ കലകളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും രേഖപ്പെടുത്തി വയ്‌ക്കുന്നതിനുമായി വകുപ്പില്‍ ഒരു ആദികലാകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്‌. കേരളത്തിലെ ഗോത്രവര്‍ഗ്ഗക്കാരുടെയും പട്ടികജാതി വിഭാഗക്കാരുടെയും കലാരൂപങ്ങളുടെ സംരക്ഷണവും ഉന്നമനവുമാണ്‌ ആദികലാകേന്ദ്രത്തിന്റെ മുഖ്യലക്ഷ്യം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗോത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പഠന കളരികളും, ഗോത്ര കലാമേളകളും മറ്റും ആദികലാകേന്ദ്രം നടത്തി വരുന്നുണ്ട്‌. അവയില്‍ പ്രധാനപ്പെട്ടവയാണ്‌ വയനാട്‌ ജില്ലയിലെ പണിയന്‍, വയനാട്‌ ജില്ലയിലെ കാട്ടുനായിക്കന്‍, ഇടുക്കി ജില്ലയിലെ മന്നാന്‍ എന്നീ ഗോത്രസമുദായങ്ങളുടെ കലകളുടെ സംരക്ഷണത്തിനായി നടത്തിയ പഠന കളരികള്‍, അന്യം നിന്ന്‌ കൊണ്ടിരിക്കുന്ന ഗോത്ര കലാരൂപങ്ങളെ നിലനിര്‍ത്തുക, വരും തലമുറകളിലേയ്‌ക്ക്‌ കലാരൂപങ്ങളെ കൈമാറുക, വേദികളില്‍ അവതരിപ്പിക്കുന്ന തരത്തില്‍ ഗോത്ര കലകളെ ക്രമപ്പെടുത്തുക എന്നിവയാണ്‌ പഠന കളരികളുടെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങള്‍.
2014 ഒക്‌ടോബര്‍ 8 മുതല്‍ 25 വരെ കിര്‍ടാഡ്‌സ്‌ ക്യാമ്പസില്‍ നടന്ന പണിയന്‍ ഗോത്ര ജനതയുടെ അനുഷ്‌ഠാന കലാരൂപങ്ങളായ കമ്പളകളി, വട്ടക്കളി പഠന പരിപാടിയില്‍ പങ്കെടുത്ത വയനാട്‌ ജില്ലയിലെ തരിയോട്‌ ഗ്രാമപഞ്ചായത്തിലെ കാപ്പുവയല്‍, കല്‍പ്പറ്റ നഗരസഭയിലെ മണിയങ്കോട്‌, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മൈലമ്പാടി, അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ ചീങ്ങേരി എന്നിവിടങ്ങളില്‍ നിന്നെത്തിയ പണിയന്‍ സമുദായക്കാരില്‍ നിന്നും ശേഖരിച്ച അവരുടെ കലകളുമായി ബന്ധപ്പെട്ട പാട്ടുകളാണ്‌ ഒന്നാം അദ്ധ്യായത്തില്‍ കൊടുത്തിരിക്കുന്നത്‌. 2015 ഡിസംബര്‍ 1 മുതല്‍ 15 വരെ വകുപ്പിന്റെ ക്യാമ്പസില്‍ വെച്ച്‌ നടത്തിയ കാട്ടുനായിക്കന്‍ ജനതയുടെ നൃത്തപഠന കളരിയില്‍ പങ്കെടുത്ത വയനാട്‌ ജില്ലയിലെ ബേഗൂര്‍, ചേകാടി പ്രദേശങ്ങളിലെ കാട്ടുനായിക്കന്‍ ആളുകളില്‍ നിന്നുമാണ്‌ കാട്ടുനായിക്കരുടെ നൃത്തകലകളുമായി ബന്ധപ്പെട്ട പാട്ടുകളുടെ വിവരശേഖരണം നടത്തിയിരിക്കുന്നത്‌. 2016 ഡിസംബര്‍ 1 മുതല്‍ 15 വരെ വകുപ്പിന്റെ ക്യാമ്പസില്‍ വെച്ച്‌ നടന്ന മന്നാന്‍ സമുദായക്കാരുടെ ആട്ട്‌ പഠന കളരിയില്‍ പങ്കെടുത്ത ഇടുക്കി ജില്ലയിലെ മന്നാന്‍ സമുദായക്കാരില്‍ നിന്നുമാണ്‌ ആട്ട്‌ അഥവാ കൂത്തിന്റെ പാട്ടുകള്‍ ശേഖരിച്ചത്‌. ഇതിനു പുറമേ നേരിട്ട്‌ ഫീല്‍ഡില്‍ നിന്നും ശേഖരിച്ച വിവരങ്ങളും പ്രസിദ്ധീകൃത പുസ്‌തകങ്ങളില്‍ നിന്നുമുളള വിവരങ്ങളെയും അടിസ്ഥാനമാക്കിയാണ്‌ ഗോത്ര കലകളെ അധികരിച്ചുളള ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌. ഇതില്‍ രേഖപ്പെടുത്തിയ വിവരങ്ങളില്‍ പ്രസ്‌തുത കലാരൂപങ്ങളുമായി ബന്ധപ്പെട്ട എല്ലാ പാട്ടുകളും ഉള്‍പ്പെട്ടിട്ടില്ല. അതുപോലെ തന്നെ എല്ലാ പ്രാദേശിക വ്യത്യാസങ്ങളെയും ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും പണിയരുടെ വട്ടക്കളി, കമ്പളക്കളി, കാട്ടുനായിക്കരുടെ കോല്‍ക്കളി, തോട്ടി ആട്ട, സോദോധിമ്മി, കൂരാനിബാവ, മന്നാന്‍മാരുടെ ആട്ട്‌ എന്നീ കലാരൂപങ്ങളിലേയ്‌ക്ക്‌ വെളിച്ചം വീശുവാന്‍ ഗോത്ര താളം എന്ന ഈ പ്രസിദ്ധീകരണം ഉപകാരപ്പെടും എന്ന്‌ വിശ്വസിക്കുന്നു.
കിര്‍ടാഡ്‌സ്‌ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ട നിര്‍ദേശങ്ങളും ഗവേഷണ വിലയിരുത്തല്‍ പഠനങ്ങള്‍ക്കും പരിശീലന പരിപാടികള്‍ക്കും മറ്റും ആവശ്യമായ നിര്‍ദേശങ്ങളും പ്രോത്സാഹനവും നിസീമമായ പിന്തുണയും നല്‍കി വരുന്ന ബഹുമാനപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമം, സാംസ്‌കാരിക പാര്‍ലമെന്ററീകാര്യം വകുപ്പു മന്ത്രി ശ്രീ. എ.കെ.ബാലന്‍ അവര്‍കള്‍ക്ക്‌ വകുപ്പിന്റെ അകമഴിഞ്ഞ കൃതജ്ഞതയും കടപ്പാടും ഈ അവസരത്തില്‍ രേഖപ്പെടുത്തി കൊളളുന്നു. വകുപ്പിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വവിധ പിന്തുണയും മാര്‍ഗ്ഗ നിര്‍ദേശങ്ങളും നല്‍കി വരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ബഹുമാനപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു. വി, ഐ. എ. സിനോടും പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ ഡയറക്‌ടര്‍ ഡോ. പുഗഴേന്തി, ഐ. എഫ്‌. എസ്‌. നോടുമുളള അതിയായ കടപ്പാട്‌ അറിയിക്കുന്നു.
വാമൊഴി വഴക്കത്തിലൂടെ തലമുറകളായി കൂട്ടിചേര്‍ത്തും വിപുലപ്പെടുത്തിയും കൈമാറിവരുന്ന ജീവിതാനുഭവങ്ങളുടെ ഭാഗമായി ഓര്‍മ്മകളില്‍ ലീനമായി കിടക്കുന്ന ഗോത്രകലളെക്കുറിച്ചുളള വിവരങ്ങള്‍ പറഞ്ഞുതന്ന സമുദായാംഗങ്ങളോടും അവ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും മുന്‍കൈയെടുത്ത വകുപ്പിലെ ജീവനക്കാരായ ഡോ. കെ. എസ്‌. പ്രദീപ്‌ കുമാര്‍, ഡെ. ഡയറക്‌ടര്‍ (പരിശീലനം), ശ്രീമതി. പി.വി. മിനി, ഡെ. ഡയറക്‌ടര്‍ (വികസന പഠനം (ഇന്‍ ചാര്‍ജ്ജ്‌)), ശ്രീമതി. എസ്‌. ദീപ, ലക്‌ചറര്‍ എന്നിവര്‍ക്കും വകുപ്പിലെ മുന്‍ ജെ. ആര്‍. എഫ്‌. ശ്രീ.കെ.സന്ദീപ്‌, ഗോത്രസമുദായക്കാരായ പി.വി.വേലായുധന്‍, കെ.ഇ.മണികണ്‌ഠന്‍, എ.ശാന്ത, എ.ബീന, എം.രഘു, രാധ ബേഗൂര്‍, കാവേരി ബേഗൂര്‍, കെ.സജി, കുമാരന്‍ എ.പി., മനോഹരന്‍ മഴുവടി, എസ്‌. ബീനിഷ്‌, അജേന്ദ്രന്‍ ചിന്നപ്പാറ, തങ്കപ്പന്‍ നാരായണന്‍, വെളളയന്‍ മുത്തു, കുമാരന്‍ പാലയ്‌ക്കല്‍ മഴുവടി, പാപ്പു മഴുവടി തുടങ്ങിയവരോടുമുളള കൃതജ്ഞത രേഖപ്പെടുത്തുന്നു. പരിശീലന വിഭാഗത്തിലെ ലക്‌ചറേഴ്‌സ്‌ ആയ ശ്രീമതി. ഇന്ദു വി മേനോന്‍, ശ്രീമതി. നൈന വി., റിസര്‍ച്ച്‌ അസിസ്റ്റന്റ്‌ ശ്രീ. അനീഷ്‌ എം.എസ്‌., ഇന്‍വെസ്റ്റിഗേറ്റര്‍ ശ്രീ. ജാഫര്‍ എന്നിവരോടും ടൈപ്പിങ്ങ്‌ ജോലി നിര്‍വഹിച്ച വകുപ്പിലെ ടൈപിസ്റ്റ്‌ (സീനിയര്‍ ഗ്രേഡ്‌) ശ്രീമതി. സന്ധ്യ, ടൈപിസ്റ്റ്‌ (ഹയര്‍ ഗ്രേഡ്‌) ശ്രീ. അനൂപ്‌ എന്നിവരോടും പഠന കളരിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ച വകുപ്പിലെ മറ്റ്‌ ഉദേ്യാഗസ്ഥരോടുമുളള നന്ദി അറിയിക്കുന്നു. പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്ന പ്രബന്ധങ്ങളിലെ അഭിപ്രായങ്ങള്‍ അവ തയ്യാറാക്കിയവരുടേതാണെന്നും വകുപ്പിന്റേതല്ല എന്നും അറിയിക്കുന്നു.

ഡോ. ബിന്ദു.എസ്‌.
ഡയറക്‌ടര്‍ 

No Comments

Post A Comment
Skip to content