ഈ പുസ്‌തകം 2003-ലാണ് പ്രസിദ്ധീകരിച്ചത്. പുസ്‌തകത്തിന്റെ വില 30 രൂപയാണ്.
ഈ പുസ്‌തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് കടച്ചിക്കൊല്ലന്‍, കടൈയന്‍ സമുദായങ്ങളെക്കുറിച്ചുളള നരവംശശാസ്‌ത്ര പഠന റിപ്പോര്‍ട്ടാണ്. കേരളത്തിലെ മുന്‍മലബാര്‍ പ്രദേശത്ത് ‘കടൈയന്‍’ പട്ടികജാതിക്കാര്‍ എന്ന പേരില്‍ ആനുകൂല്യങ്ങള്‍ നേടിവരുന്നവര്‍ യഥാര്‍ത്ഥത്തില്‍ പ്രസ്‌തുത സമുദായത്തില്‍ പെടുന്നവരല്ലെന്നും ആ വിഭാഗക്കാര്‍ ‘വിശ്വകര്‍മ്മ’ വിഭാഗത്തിന്റെ ഒരു ഉപവിഭാഗമായ ‘കൊല്ലന്‍’ അഥവാ ‘കടച്ചികൊല്ലന്‍’ സമുദായത്തില്‍പ്പെടുന്നവരാണെന്നും പരാതികള്‍ ഉയര്‍ന്നുവരുകയുണ്ടായി. ഇത്തരം പരാതികളുടെ വെളിച്ചത്തില്‍ ‘കടൈയന്‍’ സമുദായവും ‘കടച്ചിക്കൊല്ലന്‍’ സമുദായവും ഒന്നു തന്നെയാണോയെന്നും ഇപ്പോള്‍ പട്ടികജാതി കടൈയന്‍ എന്നവകാശപ്പെടുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ അതിന് അവകാശമുണ്ടോയെന്നും വിശദമായ നരവംശശാസ്‌ത്രാന്വേവഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കിര്‍ടാഡ്‌സിന് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുകയുണ്ടായി.
കേരള സംസ്ഥാനത്തിലെ പട്ടികജാതി ലിസ്റ്റില്‍ 25-ാമതായി ‘കടൈയന്‍’ സമുദായത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ‘വിശ്വകര്‍മ്മ’ വിഭാഗത്തിന്റെ ഉപവിഭാഗങ്ങളുടെ കൂട്ടത്തില്‍ ‘കൊല്ലന്‍’ സമുദായത്തെ കേരളത്തിലെ മറ്റു പിന്നോക്ക സമുദായങ്ങളുടെ ലിസ്റ്റില്‍ 27-ാമതായി കൊടുത്തിരിക്കുന്നു. ‘കൊല്ലന്‍’ സമുദായം ‘കടച്ചിക്കൊല്ലന്‍’ എന്ന പേരിലും മുന്‍മലബാര്‍ പ്രദേശത്ത് പൊതുവേ അറിയപ്പെടുന്നുണ്ട്. ‘കടച്ചിക്കൊല്ലന്‍’ വിഭാഗത്തിന്റെ സംസ്‌കാര സവിശേഷതകളെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി ഈ വിഭാഗത്തിന്റെ മുഖ്യവാസകേന്ദ്രങ്ങളായ പാലക്കാട് ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ എന്നീ മൂന്നുതാലൂക്കുകളിലെ പുതുശ്ശേരി, എടത്തറ, താനിക്കോട്, കൊല്ലങ്കോട്, പല്ലശ്ശേനം, കാവശ്ശേരി, ഏലവഞ്ചേരി, വടവന്നൂര്‍, നെന്മാറ, മേലാറോഡ്, പൊരുവംപ, കൊടുവായൂര്‍, മഞ്ഞളൂര്‍, ഏലമന്ദം, യാകരം, പളളശ്ശേരി, വണ്ടാഴി, പാലയ്‌തോണി തുടങ്ങിയ പ്രദേശങ്ങളിലും മലപ്പുറം ജില്ലയിലെ എടക്കര, ഇരുവീട്ടിര്‍, അമ്മിനിമാട്, പയ്യനാട്, പുളിമര്‍, മഞ്ചേരി, പൊന്നാനി, വണ്ടൂര്‍, കീഴാറ്റൂര്‍, മക്കരപ്പറമ്പ്, കോടൂര്‍, അരിക്കോട്, നിലമ്പൂര്‍, കൊണ്ടോട്ടി എന്നീ സ്ഥലങ്ങളിലും കോഴിക്കോട് ജില്ലയിലെ പുത്തൂര്‍, പളളീക്കല്‍, കോഴിക്കോട്, കൊയിലാണ്ടി, പയ്യോളി, നടുവണ്ണൂര്‍, മേലടീ, ഫറോക്ക്, പുതിയറ, പറമ്പില്‍ ബസാര്‍, ചേവായൂര്‍, തിക്കോടി, ചാത്തമംഗലം, തലശ്ശേരി, വടകര എന്നിവിടങ്ങളിലും കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍, പയ്യാംപലം, തലശ്ശേരി മുതലായ സ്ഥലങ്ങളിലും വിശദമായ അന്വേവഷണം നടത്തുകയുണ്ടായി. കൂടാതെ പാലക്കാട് ജില്ലയിലെ എട്ട് കടച്ചിക്കൊല്ലന്‍ സങ്കേതങ്ങളിലായി വസിച്ചുവരുന്ന 239 കുടുംബങ്ങളുടെ സ്ഥിതി വിവരക്കണക്കുകളും ശേഖരിക്കുകയുണ്ടായി.
കടൈയന്‍ എന്നവകാശപ്പെടുന്നവരുമായുളള കൂടികാഴ്‌ചകളിലൂടെയും വംശപരമ്പര പഠനം മുഖേനയും ഈ സമുദായത്തിന്റെ സംസ്‌കാര സവിശേഷതകളും സാമൂഹ്യ- സാമ്പത്തിക ഘടനകളും, കുലത്തൊഴില്‍, പാരമ്പര്യമായി മറ്റുളള സമുദായങ്ങളുമായി ഇവര്‍ക്കുണ്ടായിരുന്ന സാമൂഹ്യബന്ധം, പ്രാദേശിക ജാതി ശ്രേണിയിലെ സ്ഥാനം, സമീപകാലത്തുണ്ടായ സംസ്‌കാര പരിണാമം മുതലായ കാര്യങ്ങള്‍ പഠനവിധേയമാക്കുകയുണ്ടായി. ഈ വിഭാഗത്തിന്റെ മുന്‍തലമുറയില്‍പ്പെട്ടവര്‍ സ്‌കൂള്‍ രേഖകളിലും ഭൂമി ക്രയവിക്രയം സംബന്ധിച്ച രേഖകളിലും ഉപയോഗിച്ചിരുന്ന ജാതിപ്പേരും പരിശോധനാ വിധേയമാക്കുകയുണ്ടായി.
കടൈയന്‍ സമുദായക്കാരെന്നവകാശപ്പെടുന്നവര്‍ അവരുടെ വാദഗതികള്‍ക്കുപോല്‍ബലകമായി സമര്‍പ്പിച്ച രേഖകള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയും അവ ഈ സമുദായത്തെക്കുറിച്ചുളള മുന്‍കാല പഠനങ്ങള്‍, കാനേഷ്‌മാരി, മറ്റു പഠന റിപ്പോര്‍ട്ടുകള്‍ മുതലായവയുമായി താരതമ്യപ്പെടുത്തി അപഗ്രഥിക്കുകയും യഥാര്‍ത്ഥ വസ്‌തുതകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്. ഒന്നാം അദ്ധ്യായത്തില്‍ ഈ സമുദായത്തിന്റെ പ്രശ്നം അവതരിപ്പിച്ചിരിക്കുന്നു. കടൈയന്‍/കടച്ചിക്കൊല്ലന്‍ സമുദായങ്ങളെക്കുറിച്ചുളള മുന്‍കാല പഠനങ്ങളാണ് രണ്ടാം അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. മലബാര്‍ ഭാഗത്തെ കടച്ചിക്കൊല്ലന്‍ സമുദായത്തിന്റെ ഒരു സംസ്കാരക്കുറിപ്പ് മൂന്നാം അദ്ധ്യായത്തിലും പട്ടികയായി കടൈയര്‍ സമുദായത്തിന്റെ ഒരു ലഘുസംസ്കാരക്കുറിപ്പ് നാലാം അദ്ധ്യായത്തിലും കൊടുത്തിരിക്കുന്നു. അഞ്ചാം അദ്ധ്യായമായി കടച്ചിക്കൊല്ലന്‍ സമുദായക്കാര്‍ പട്ടികജാതി കടൈയന്‍ സമുദായത്തിലേക്ക് നുഴഞ്ഞുകയറിയ സാഹചര്യം വിശദമാക്കുന്നു. ഈ പഠനംക്കൊണ്ട് വെളിവായ വസ്‌തുതകളും പരിഹാര നിര്‍ദ്ദേശങ്ങളുമാണ് ആറാം അദ്ധ്യായത്തില്‍ കൊടുത്തിട്ടുള്ളത്.
No Comments