കിർടാഡ്സ് വകുപ്പും പ്രവർത്തനങ്ങളും

കേരളസംസ്ഥാനത്തിലെ പട്ടികജാതി പട്ടിക വർഗ്ഗ സമുദായങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ, പരിശീലനം, വികസന-വിലയിരുത്തൽ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന കേരള സർക്കാരിന്റെ പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഭരണ നിയന്ത്രണത്തിൻ കീഴിലുള്ള വകുപ്പാണ് ‘കേരള പട്ടിക ജാതി പട്ടിക വർഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ്’ (കിർടാഡ്സ്). ‘ട്രൈബൽ റിസർച്ച് ആന്റ് ട്രെയിനിങ് സെന്റർ’എന്ന പേരിൽ മുൻ ഗിരിജന ക്ഷേമ വകുപ്പിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടു കൂടി 1970 ഏപ്രിൽ മാസത്തിലാണ് ഈ വകുപ്പിന്റെ പ്രവർത്തനം ആരംഭിച്ചത്. 1979 ഒക്ടോബർ 23 മുതൽ കിർത്താഡ്സ് എന്ന പേരിൽ ഒരു പ്രത്യേക വകുപ്പായി പുനസംഘടിപ്പിക്കപ്പെട്ടു. അതോടുകൂടി വകുപ്പിന്റെ പ്രവർത്തന മേഖല പട്ടികജാതിക്കാരെക്കുറിച്ചുള്ള പഠനങ്ങളിലേക്ക് കൂടി വ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായം വകുപ്പിന് ലഭിക്കുന്നുണ്ട്. പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ ആയ ഡോ. എ. അയ്യപ്പനായിരുന്നു സ്പെഷ്യൽ ഓഫീസർ എന്ന നിലയിൽ 1970 മുതൽ 1973 വരെ വകുപ്പിന്റെ നേതൃത്വം വഹിച്ചിരുന്നത്.

 

 

വകുപ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ

പട്ടികജാതി/പട്ടികവർഗ്ഗ ജനവിഭാഗങ്ങളെക്കുറിച്ചും, അവരുടെ ഉന്നമനത്തിനായി സർക്കാരും, മറ്റ് ഏജൻസികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെപ്പറ്റിയും പരിശീലന പരിപാടികളും അടിസ്ഥാനപരമായ ഗവേഷണപഠനങ്ങളും നടത്തുക, വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുക, വിവിധ പദ്ധതികൾ കൊണ്ടുള്ള പ്രയോജനം പട്ടികജാതി പട്ടികവർഗ സമുദായക്കാർക്ക് എത്രമാത്രം ലഭിച്ചിട്ടുള്ളതാണെന്ന് വിലയിരുത്തൽ പഠനങ്ങൾ നടത്തുക, സംശയാസ്പദമായ ജാതി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സംവരണാദി ആനുകൂല്യങ്ങൾ അന്യ സമുദായക്കാർ തട്ടിയെടുക്കുന്നത് തടയുന്നതിനുള്ള പരിശീലനം ബന്ധപ്പെട്ട വകുപ്പുകൾ നൽകുകയും പൊതുവായ അന്വേഷണ റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യുക, പട്ടികജാതി / പട്ടികവർഗ്ഗക്കാരുടെ സാംസ്കാരിക പൈതൃക സംരക്ഷണം, പാരമ്പര്യ വൈദ്യ അറിവുകളുടെയും കലകളുടെയും പ്രോത്സാഹനം, സംരക്ഷണം എന്നിവയാണ് വകുപ്പിന്റെ മുഖ്യചുമതലകൾ.

 

വകുപ്പിന്റെ ഘടന

സംസ്ഥാന സർക്കാരിന്റെ ഇതരവകുപ്പുകളിൽ നിന്നും വ്യത്യസ്തമായ ഒരു ഘടനയാണ് കിർടാഡ്സിനുള്ളത്. വകുപ്പിന്റെ പ്രവർത്തന മേഖല സംസ്ഥാനമൊട്ടാകെ വ്യാപകമാണെങ്കിലും ഇതര വകുപ്പുകൾക്കുള്ളത് പോലെ മേഖലാടിസ്ഥാനത്തിലോ, ജില്ലാതലത്തിലോ ഓഫീസുകൾ വകുപ്പില്ല. ഭരണ നിർവഹണ വിഭാഗം, ഗവേഷണ വിഭാഗം, പരിശീലന വിഭാഗം, വികസന പഠന വിഭാഗം എന്നിങ്ങനെ പ്രധാനമായും നാല് വിഭാഗങ്ങൾ ആയാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.