ഗോത്രസമൂഹങ്ങളുടെ പല കലാ രൂപങ്ങളും ഇന്ന് അന്യം നിന്നു പോവുകയാണ്. കലകളിലെ വാമൊഴി പാട്ടുകളിലൂടെയും മറ്റും പാരമ്പര്യമായി സ്വായത്തമാക്കിയ അറിവുകൾ പുതിയ തലമുറയ്‌ക്ക് പകർന്നു കൊടുക്കാൻ കഴിയാതെ പോകുന്നതും കൂട്ടായ്‌മ നഷ്ട്ടപ്പെടുന്നതും ഇതിന്റെ ദൂഷ്യ ഫലങ്ങളാണ്. സംസ്ഥാനത്തിലെ ഗോത്രസമുദായങ്ങളുടെ പാരമ്പര്യ കലകളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും രേഖപ്പെടുത്തിവെക്കുന്നതിനുമായാണ് വകുപ്പിൽ ആദികലാ കേന്ദ്രം പ്രവർത്തിക്കുന്നത്. കേരളത്തിലെ ഗോത്രവർഗ്ഗക്കാരുടെയും പട്ടികജാതി വിഭാഗക്കാരുടെയും കലാരൂപങ്ങളുടെ സംരക്ഷണവും ഉന്നമനവുമാണ് ആദികലാ കേന്ദ്രത്തിന്റെ മുഖ്യ ലക്ഷ്യം. കഴിഞ്ഞ കുറെ വർഷങ്ങളായി ഗോത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പഠനകളരികളും, ഗോത്ര കലാമേളകളും മറ്റും ആദികലാകേന്ദ്രം നടത്തി വരുന്നുണ്ട്. അവയിലെ പ്രധാനപ്പെട്ടവയാണ് വയനാട് ജില്ലയിലെ പണിയൻ, കാട്ടുനായ്ക്കൻ, ഇടുക്കിജില്ലയിലെ മന്നാൻ, ഊരാളി, എറണാകുളം ജില്ലയിലെ മുതുവാൻ, കാസർഗോഡ് ജില്ലയിലെ കൊറഗ, മലക്കുടിയ പാലക്കാട് ജില്ലയിലെ കുറുമ്പർ എന്നീ ഗോത്രജനതയുടെ കലകളുടെ സംരക്ഷണത്തിനായി നടത്തിയ പഠന കളരികൾ. അന്യം നിന്നുകൊണ്ടിരിക്കുന്ന ഗോത്രകലാരൂപങ്ങളെ നിലനിർത്തുക, വരും തലമുറകളിലേയ്‌ക്ക് കലാ രൂപങ്ങളെ കൈമാറുക,  വേദികളിൽ അവതരിപ്പിക്കുന്ന തരത്തിൽ ഗോത്രകലകളെ ക്രമപ്പെടുത്തുക എന്നിവയാണ് പഠന കളരികളുടെ പ്രധാന ലക്ഷ്യങ്ങൾ.