കേരളത്തിലെ ഗോത്രവർഗങ്ങളുടെ അന്യം നിന്നുപോകുന്ന ഭൗതിക സംസ്കാരം സംരക്ഷിക്കുക എന്നലക്ഷ്യമാണ് ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന എത്നോളജിക്കൽ മ്യൂസിയത്തിനുള്ളത്. പട്ടികവിഭാഗങ്ങളുടെ സാംസ്കാരികതനിമ, പാരമ്പര്യഅറിവുകൾ, സാങ്കേതികവിദ്യകൾ മുതലായവ എടുത്തു കാണിക്കുന്ന വസ്തുക്കളുടെ ശേഖരമാണ് എത്നോളജിക്കൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഏകദേശം രണ്ടായിരത്തോളം വസ്തുക്കളുടെ ശേഖരം ഈ മ്യൂസിയത്തിലുണ്ട്. പട്ടികവിഭാഗക്കാർ തീഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, മരവുരി, നായാട്ടുപകരണങ്ങൾ, വിവിധതരം അമ്പുകൾ, കെണികൾ, ധാന്യസംഭരണികൾ, അളവുപകരണങ്ങൾ, സംഗീതോപകരണങ്ങൾ, ആഭരണങ്ങൾ, അവതരണകലകളുടെ ചമയങ്ങൾ, പട്ടികവിഭാഗ കലാകാരന്മാർ ശില്പശാലകളിൽ നിർമ്മിച്ച കരകൗശലവസ്തുക്കൾ തുടങ്ങിയവ ഈ ശേഖരത്തിൽപ്പെടുന്നു. ഇത്‌ കൂടാതെ ചോലനായ്ക്കൻ, കാടർ, പണിയൻ, വെട്ടകുറുമൻ, കുറുമ്പർ, മുതുവാൻ, എന്നീ ഗോത്രവർഗക്കാരുടെ പരമ്പരാഗത വീടുകളുടെ മാതൃകകൾ തുടങ്ങിയവയും മ്യൂസിയത്തിൽ നിർമ്മിച്ചുണ്ട്. വകുപ്പിന്റെ എത്നോളജിക്കൽ മ്യൂസിയം ടൂറിസം മാപ്പിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.